കാൻസർ ചികിത്സയിൽ പ്രധാനമായും മൂന്നു ഘടകങ്ങൾ ആണ് വേണ്ടത്. ഔഷധചികിത്സ, സർജറി, റേഡിയേഷൻ എന്നിവയാണത്. ഇതിനൊപ്പം പീഡിയാട്രിക് ഓങ്കോളജിസ്റ്റിന്റെ സേവനം കൂടിയുണ്ടെങ്കിൽ ചികിത്സ സൗകര്യങ്ങൾ പൂർണ്ണമാവുകയുള്ളു.
കാൻസർ ചികിത്സാ സൗകര്യങ്ങൾ
കാൻസർ ചികിത്സയ്ക്ക് എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടത്? ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഔഷധ ചികിത്സ നിർണയിക്കേണ്ടത്. രോഗനിർണ്ണയത്തിലും മെഡിക്കൽ ഓങ്കോളജിസ്റ്റിന്റെ സേവനം പ്രധാനമാണ്. ഓപ്പറേഷൻ ആവശ്യമുള്ളവർക്ക് സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ സേവനവും പ്രത്യേക ഓപ്പറേഷൻ തിയേറ്ററും മറ്റു സൗകര്യങ്ങളും വേണം. റേഡിയേഷൻ ഓങ്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ എല്ലാവിധ റേഡിയേഷൻ സൗകര്യങ്ങളും കൂടിയേ തീരു. ഈ മൂന്ന് വിഭാഗങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ എല്ലാത്തരം കാൻസറും ഫലപ്രദമായി ചികിൽസിക്കാൻ കഴിയുകയുള്ളൂ.
കാൻസർ രോഗത്തിന്റെയും ചികിത്സയുടെയും അവബോധം
കാൻസർ രോഗത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ അവബോധമില്ലായ്മ വലിയൊരു പ്രശ്നമായി നിൽക്കുന്നില്ലേ? പ്രമേഹത്തിന്റെ കാര്യത്തിലാണെങ്കിൽ എച്ച്.ബി., എ.വൺ സി. പോലുള്ള പരിശോധനകളെക്കുറിച്ചു പോലും ആളുകൾക്ക് ധാരണയുണ്ട്. ഹൃദ്രോഗത്തിന്റെയും കൊളസ്‌ട്രോളിന്റെയും കാര്യത്തിലൊക്കെ എല്ലാവർക്കും നല്ല ധാരണകളുണ്ട്. എന്നാൽ കാൻസറിന്റെ കാര്യത്തിലാകട്ടെ ഒരു ഭീതിയാണ് ഇപ്പോഴും മുന്നിട്ടു നിൽക്കുന്നത്. സർക്കാരിനും ജനങ്ങൾക്കും ഇക്കാര്യത്തിൽ അവബോധക്കുറവിന്റെ പ്രശ്നമുണ്ട്. ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളുണ്ടായാൽ തന്നെ കാൻസറിനെക്കുറിച്ചുള്ള അനാവശ്യ ഭീതികൾ മാറുകയും അവബോധം മെച്ചപ്പെടുകയും ചെയ്യും.
കാൻസർ പാലിയേറ്റീവ് ചികിത്സാ സംവിധാനങ്ങൾ
കാൻസർ രോഗികൾക്ക് പാലിയേറ്റീവ് ചികിത്സകൾ നൽകാനുള്ള സംവിധാനങ്ങൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വരാൻ പോകുകയാണല്ലോ. ഇത് എത്രത്തോളം ഗുണകരമായിരിക്കും? ചികിത്സ കൊണ്ട് പ്രയോജനം ഉണ്ടാവില്ല എന്നുള്ള രോഗികൾക്ക് തീർച്ചയായും പാലിയേറ്റീവ് ചികിത്സകൾ മാത്രം നൽകേണ്ടതാണ്. എന്നാൽ ഇന്ന് കാൻസർ ചികിത്സ എന്നാൽ പാലിയേറ്റീവ് ചികിത്സകൾ മാത്രം നൽകേണ്ടതാണ് എന്നൊരു തോന്നൽ പലർക്കും ഉണ്ടായിട്ടുണ്ട്. രോഗം കാൻസർ ആണ് എന്ന് കണ്ടാൽ ഉടൻതന്നെ പാലിയേറ്റീവ് ചികിത്സയ്ക്ക് മാത്രം വിടുന്ന രീതിയാണ് പലയിടത്തും. അത് ശരിയല്ല. കാൻസർ ചികിത്സാ രംഗത്ത് ഒട്ടേറെ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പലയിനം കാൻസറുകളും ചികിൽസിച്ചു ഭേദമാക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. വലിയൊരു വിഭാഗം രോഗികളിൽ രോഗം ഫലപ്രദമായി തടഞ്ഞു നിർത്താനും മെച്ചപ്പെട്ട ജീവിതം നൽകാനും കഴിയുന്നു. രോഗം ചികിൽസിക്കാനുള്ള അത്തരം അവസരങ്ങൾ പരിഗണിക്കാതെ പാലിയേറ്റീവ് ചികിത്സ മതിയെന്ന് തീരുമാനിക്കുന്ന രീതി ശരിയല്ലേ.
കാൻസർ ചികിത്സ രംഗത്ത് വേണ്ടത്ര പരിചയമുള്ള ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ രോഗിയെ പാലിയേറ്റീവ് ചികിത്സയിലേക്ക് വിടാവു. പാലിയേറ്റീവ് ചികിത്സ അഥവ സാന്ത്വന ചികിത്സ കാൻസർ രോഗിക്കു എല്ലാ ഘട്ടത്തിലും ആവശ്യമാണ് എന്ന വസ്തുതയും മറക്കാനാവില്ല.
കാൻസർ കണ്ടെത്തി കഴിഞ്ഞാൽ ചെയ്യേണ്ടത്
കാൻസർ ബാധിച്ചു എന്ന് കണ്ടെത്തി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്? രോഗം കൃത്യമായി നിർണയിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ചികിത്സാരീതി പ്ലാൻ ചെയ്യണം. രോഗം ഏതു ഘട്ടത്തിലെത്തി, ഏതു തരം ചികിത്സയാണു വേണ്ടത്, എത്ര കാലം ചികിൽസിക്കേണ്ടി വരും, എത്ര ചെലവ് വരും, പൂർണമായും ഭേദമാക്കാൻ ആവുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതാണ്. രോഗിയുടെ അടുത്ത ബന്ധുക്കളും ഡോക്ടറുമായി ഈ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യണം. എല്ലാ കാര്യങ്ങളും ഡോക്ടറോട് വിശദമായി ചോദിച്ചു മനസ്സിലാക്കേണ്ടതാണ്. രോഗം ഏതു സ്റ്റേജിലാണ്, രോഗിയുടെ ശാരീരിക-മാനസിക ആരോഗ്യം ഏതു നിലയിലാണ്, പണചിലവിന്റെ കാര്യം എങ്ങനെയാണ് എന്നു തുടങ്ങി എല്ലാ കാര്യങ്ങളും ഡോക്ടർമാരോട് ചർച്ച ചെയ്തു തീരുമാനിക്കണം.
കാൻസർ ആണെന്ന് രോഗിയോട് തുറന്നു പറയേണ്ട സാഹചര്യം
കാൻസർ ആണെന്ന് തുറന്നു പറയുന്നത് പലപ്പോഴും രോഗികളെ മാനസികമായി തളർത്തിക്കളയാറുണ്ടല്ലോ. എപ്പോഴാണ് ഈ വിവരം രോഗിയോട് പറയേണ്ടത്? എങ്ങനെയാണ് പറയേണ്ടത്? ഹൃദ്രോഗങ്ങളും മറ്റും ആണെങ്കിൽ ആദ്യ ലക്ഷണം കൊണ്ട് രോഗിക്ക് തന്നെ അത് മനസിലാക്കാൻ കഴിയും. എന്നാൽ കാൻസറിന്റെ കാര്യം അങ്ങനെയല്ല. കാൻസർ ചികിൽസിച്ചു മാറ്റാനാവില്ല എന്നൊരു ധാരണ സമൂഹത്തിൽ പ്രബലമായിരുന്നു. കാൻസർ സെന്ററിലേക്കോ കാൻസർ വാർഡിലേക്കോ പോകാൻ ഇഷ്ടപെടാത്ത രോഗികളുണ്ട്. അല്ലെങ്കിൽ അവിടേക്കു പോകാൻ ഭയക്കുന്നവരുണ്ട്.
രോഗം കാൻസർ ആണെങ്കിൽ സാവധാനം അത് രോഗിയോടു പറയേണ്ടതാണ്. അവർക്ക് ആത്മവിശ്വാസം ഏകുന്ന വിധത്തിൽ കാര്യഗൗരവത്തോടെ വിവരം അവതരിപ്പിക്കണം. രോഗം ഭേദമാക്കാനാവില്ല എന്നറിയുന്ന രോഗികൾ പോലും തുടർന്നുള്ള ജീവിതകാലം മുഴുവൻ കൂടുതൽ ഫലപ്രദമായി ചിലവഴിക്കാൻ വേണ്ടി ശ്രമിക്കുന്നതായിട്ടാണ് കാണാറുള്ളത്. കാൻസർ ആണെന്ന കാര്യം രോഗിയോട് തുറന്നു പറഞ്ഞാൽ അയാളുടെ ആത്മവിശ്വാസം തകർന്നുപോകുമെന്ന ധാരണ തെറ്റാണ്. ആത്മവിശ്വാസം മെച്ചപ്പെടുത്താൻ കഴിയുന്ന വിധത്തിൽ രോഗിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.