കാൻസർ ഇനി പേടി വേണ്ട

കാൻസറിനെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ നിഗൂഢതകളും പരിഭ്രാന്തികളും ആണ് ഉള്ളത്. കാൻസറിനെ ഒരളവുവരെ പ്രതിരോധിക്കാമെന്നോ, രോഗം വരാൻ ഇടയുണ്ടോ എന്ന് നേരത്തെ പരിശോധിക്കാനായാൽ നല്ലൊരു പങ്കും ചികിൽസിച്ചു ഭേദമാക്കാനാവുന്നതാണെന്നോ ഉള്ള ധാരണകളെ ഇപ്പോഴും നമ്മുടെ സമൂഹം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. ക്യാന്സറിനെക്കുറിച്ചു  ശരിയായ അവബോധം ഇല്ല എന്നതാണ് ഇതിനൊരു പ്രധാന കാരണം.

ഹാർട്ടറ്റാക്കിനെക്കുറിച്ചുള്ള പേടി ഇപ്പോൾ നല്ലൊരളവോളം കുറഞ്ഞിട്ടുണ്ട്. ആ രോഗത്തെ കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും ആളുകൾക്ക് ഒരുവിധം ധാരണ ഉണ്ട്. അതിനാലാണ് ഭീതി കുറഞ്ഞത്.

കാൻസർ അവബോധം

എ ന്നാൽ ഹാർട്ടറ്റാക്ക് പോലെ പെട്ടന്നു വീഴ്ത്തിക്കളയുന്ന രോഗമല്ല കാൻസർ. രോഗം കണ്ടെത്തി കഴിഞ്ഞാൽ അതിനെ നേരിടാനും ചികിൽസിക്കാനും ഒക്കെ കുറച്ചു സമയം കിട്ടുകയെങ്കിലും ചെയ്യും. എന്നിട്ടും നാം കാൻസറിനെ വേണ്ടതിലധികം പേടിക്കുന്നു. ഹൃദ്രോഗത്തെ കുറിച്ചും പ്രമേഹത്തെ കുറിച്ചുമൊക്കെ വേണ്ടത്ര അവബോധം ഉണ്ടായതോടെ അവയെ പ്രതിരോധിക്കാനും രോഗം നേരത്തെ കണ്ടെത്താനും മികച്ച ചികിത്സ ലഭ്യമാക്കാനുമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യനിലവാരത്തിന്റെ കാര്യത്തിൽ ഒട്ടേറെ രംഗങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും കാൻസർ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ സ്ഥിതി ഇനിയും മെച്ചപ്പെടേണ്ടി ഇരിക്കുന്നു.

പാരമ്പര്യമായി കാൻസർ വരാനുള്ള സാധ്യത ഉണ്ടോ?

കാൻസർ പകരുന്ന രോഗമോ പാരമ്പര്യമായി വരുന്ന രോഗമോ അല്ല. എങ്കിലും ജീവിത സാഹചര്യങ്ങളും ഭക്ഷണശീലങ്ങളും മൂലം കാൻസർ ബാധ ഉണ്ടായവരുടെ അടുത്ത ബന്ധുക്കൾ തങ്ങളുടെ ജീവിത-ഭക്ഷണ രീതികൾ ആരോഗ്യകരമായി പുനഃക്രമീകരിക്കുന്നത് നന്നായിരിക്കും. സ്തനാർബുദം പോലെ ചില കാൻസറുകളുടെ കാര്യത്തിൽ പാരമ്പര്യം പ്രധാനമാണ്.

ജീവിത സാഹചര്യങ്ങൾ ക്യാന്സറിന് കാരണമാകുമോ?

തീർച്ചയായും. ജീവിത സാഹചര്യങ്ങൾ, ഭക്ഷണം, തുടങ്ങിയ കാര്യങ്ങൾക്കൊന്നും കാൻസറുമായി ബന്ധമില്ലെന്ന് ഒരു ധാരണ എങ്ങനെയോ നമ്മുടെ സമൂഹത്തിൽ പ്രബലമായിട്ടുണ്ട്. കാൻസർ വരുന്നത് നമുക്ക് തടയാൻ കഴിയാത്ത മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ടാണെന്നും അത് നമ്മുടെ വരുതിയിൽ നിൽക്കില്ല എന്നുമുള്ള ധാരണകൾ മൂലം വന്നതാവാം അതൊക്കെ. ജീവിതശീലങ്ങൾ, ഭക്ഷണരീതി, സാഹചര്യങ്ങൾ എന്നിവയൊക്കെ കാൻസറിന് കാരണമാകാറുണ്ട്.