കേരളത്തിൽ ഇപ്പൊൾ കാൻസർ കൂടി വരുന്നുണ്ടോ? കൂടുന്നുണ്ടെങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വർധിക്കുന്നില്ല. തീർച്ചയായും കാൻസർ രോഗികളുടെ എണ്ണം കൂടുന്നുണ്ട്. അതിനു പല കാരണങ്ങളും ഉണ്ട്.
കേരളത്തിൽ കാൻസർ കൂടി വരുന്നുണ്ടോ?
ആയുർദൈർഘ്യം: സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ നമ്മുടെ ആയുർദൈർഘ്യം 50 വയസ്സിൽ താഴെ ആയിരുന്നു എങ്കിൽ ഇപ്പോൾ കേരത്തിൽ അത് 72 വയസ്സാണ്. ആയുസ്സിലുണ്ടായ ഈ വർധന കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണം ആണ്.
രോഗത്തെക്കുറിച്ചുള്ള അറിവ്: കാൻസറിനെക്കുറിച്ചുള്ള അറിവ് വർധിച്ചതോടെ കാൻസർ പരിശോധനകൾ വർധിച്ചു. ഏത് അവസ്ഥയിൽ ആയാലും രോഗം കണ്ടെത്തുന്നവർ ചികിത്സ തേടി എത്താൻ തുടങ്ങുകയും ചെയ്തു. ഇതും രോഗികളുടെ എണ്ണം കൂടാൻ ഇടയാക്കിയിട്ടുണ്ട്.
രോഗം കൂടുന്നു: തീർച്ചയായും കാൻസർ കൂടുന്നുണ്ട്. കാൻസർ വർധിക്കുന്നതിനുള്ള കാരണങ്ങൾ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ വല്ലാതെ കൂടിയിരിക്കുകയാണിപ്പോൾ. ഇതൊക്കെ ഉണ്ടെങ്കിലും കാൻസർ കൂടുന്നു എന്നു പറഞ്ഞു ആളുകളെ പരിഭ്രമത്തിലേക്കും ഭീതിയിലേക്കും തള്ളിവിടേണ്ട കാര്യമൊന്നുമില്ല. കാൻസറിനെ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്താനും നല്ല ചികിത്സ ലഭ്യമാക്കാനും വേണ്ട കരുതലെടുക്കാനും ആണ് നാം പ്രാധാന്യം നൽകേണ്ടത്.
ഏതൊക്കെയിനം കാൻസറുകൾ ആണ് കേരളത്തിൽ കൂടുതൽ?
ലോകത്തെല്ലായിടത്തും സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന കാൻസറുകളിൽ ഒന്ന് സ്തനാർബുദം ആണ്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കാണുന്നതുപോലെതന്നെ കേരളത്തിലും സ്തനാർബുദം വ്യാപകമാണ്. ഇത് ഏറെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. സ്തനാർബുദം കഴിഞ്ഞാൽ ഗർഭാശയഗളകാൻസർ, ഗർഭാശയ കാൻസർ, അണ്ഡാശയ കാൻസർ തുടങ്ങിയവയാണ് കൂടുതലായി കാണുന്നത്. പുരുഷന്മാരിൽ ഏറ്റവും അധികമായി കാണുന്നത് ശ്വാസകോശ കാൻസറും തൊണ്ടയിലും വായിലും ഉണ്ടാകുന്ന കാൻസറുകളും ആണ്. ഇതിന്റെ പ്രധാന കാരണം പുകയില ഉപയോഗം തന്നെ. പ്രോസ്റ്റേറ്റ് കാൻസറും കുറവല്ല.
പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കൂടുതലായി കാണുന്ന ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. നമ്മുടെ ഭക്ഷണശീലങ്ങളോ മറ്റേതെങ്കിലും സവിശേഷ സാഹചര്യങ്ങളോ ആവാം ഇതിനു കാരണം.