കാൻസർ മുൻകൂട്ടി കണ്ടെത്താൻ കഴിയുമോ? കാൻസർ മുൻകൂട്ടി കണ്ടെത്താൻ നിരവധി മാർഗങ്ങൾ ഇപ്പോഴുണ്ട്. എല്ലാത്തരം ക്യാന്സറും നേരത്തെ കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. പ്രമേഹപരിശോധന പോലെ ലളിതമായ ഒരു പരിശാധന കൊണ്ട് കാൻസർ കണ്ടെത്താൻ തത്കാലം മാർഗ്ഗമൊന്നുമില്ല. സ്ത്രീകളിൽ കൂടുതലായി കാണുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ തുടങ്ങിയവ ലളിതമായ പരിശോധനകളിലൂടെ കണ്ടെത്താനാവും. 40 വയസുകഴിഞ്ഞ എല്ലാ സ്ത്രീകളും വർഷത്തിലൊരിക്കലെങ്കിലും കാൻസർ പരിശോധനകൾ നടത്തണം.
സ്തനാർബുദവും ഗർഭാശയഗള കാൻസറും
സ്തനാർബുദവും ഗർഭാശയഗള കാൻസറും എളുപ്പം കണ്ടെത്താനാവില്ലേ? സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്ന കാൻസറുകൾ സ്തനാർബുദവും ഗർഭാശയഗള കാൻസറും ആണ്. ഏതു രോഗചികിത്സയ്ക്കായിട്ടായാലും ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് എത്തുന്ന സ്ത്രീകളിൽ ഇത്തരം കാൻസർ പരിശോധനകൾ കൂടി നടത്തേണ്ടതാണ്. ഏതു രോഗത്തിന് ചികിത്സ തേടി ചെല്ലുന്നവരിലും പ്രമേഹം, ബി.പി. തുടങ്ങിയ പരിശോധനകൾ ഇപ്പോൾ നടത്തുന്നുണ്ടല്ലോ. അതുപോലെ ഗൈനക്കോളജിസ്റ്റിന്റെ അടുത്തെത്തുന്ന എല്ലാ സ്ത്രീകൾക്കും കാൻസർ പരിശോധന നടത്തുന്നത് ഒരു പൊതുരീതിയാക്കണം. സ്ത്രീകളിലുണ്ടാവുന്ന നല്ലൊരു പങ്ക് കാൻസറും നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിൽസിക്കാനും അത് സഹായകരമായിരിക്കും. 35 പിന്നിട്ട എല്ലാ സ്ത്രീകളും വർഷത്തിലൊരിക്കൽ പാപ്സ്മിയർ പരിശോധന നടത്തേണ്ടതാണ്. പലതരത്തിലുള്ള അണുബാധകൾ, മുഴകൾ തുടങ്ങിയവയൊക്കെ കണ്ടെത്താൻ ഇത് സഹായകമാണ്.
അടുത്ത ബന്ധുക്കൾക്ക് ആർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ അങ്ങനെയുള്ളവർ ഈ രോഗത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സ്വയം സ്തനപരിശോധന നടത്താൻ എല്ലാ സ്ത്രീകളും പഠിച്ചിരിക്കേണ്ടതാണ്. സ്തനത്തിൽ മുഴകൾ, നിറം മാറ്റം, വിങ്ങൽ, രക്തം കിനിയാൽ തുടങ്ങി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിദഗ്ധപരിശോധന നടത്തണം.
40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന ചെയ്തിരിക്കണം. ഗർഭനിരോധന ഗുളികകളുടെ അമിതോപയോഗം കാൻസറിനു കാരണമായേക്കാം. വിദഗ്ധ പരിശോധനക്കു ശേഷം ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചതനുസരിച്ചു മാത്രമേ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ പാടുള്ളു . മുലയൂട്ടുന്ന അമ്മമാർക്ക് സ്തനാർബുദ സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ പ്രസവം 30 വയസ്സിനു മുൻപ് ആയിരിക്കുന്നതും കാൻസർ പ്രതിരോധത്തിന് സഹായകമാണ്. ആദ്യപ്രസവം വൈകുന്ന സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യതയുണ്ടെന്ന് ചില ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഗർഭാശയഗള കാൻസറിന്റെ കാര്യത്തിൽ ആരോഗ്യകരമായ ലൈംഗീകജീവിതം ഏറെ പ്രധാനമാണ്. ഒന്നിലേറെ പങ്കാളിയുമായുള്ള ലൈംഗീകത, ശുചിത്വപൂര്ണമല്ലാത്ത ലൈംഗീകത തുടങ്ങിയവ കാൻസറിന് വഴിവച്ചേക്കാം. എയിഡ്സ് രോഗത്തിനു കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളും കാൻസറിനും കാരണമായേക്കാം.
തൊണ്ടയിലും വായിലുമുണ്ടാകുന്ന കാൻസറുകൾ
തൊണ്ടയിലും വായിലുമുണ്ടാകുന്ന കാൻസറുകൾ മുൻകൂട്ടി കണ്ടെത്താനാകുമോ? പുകവലി, പുകയിലയുടെ മറ്റുതരം ഉപയോഗങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുന്നത് തന്നെ ഇത്തരം കാൻസറുകൾ ചെറുക്കാനുള്ള വഴി. വായിൽ നിരന്തരം വ്രണങ്ങൾ ഉണ്ടാവുക, അവ ഏറെക്കാലം ഉണങ്ങാതെ നിൽക്കുക തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കണ്ടു വിശദ പരിശോധനകൾ നടത്തുന്നത് നന്നായിരിക്കും.
വായിൽ പൂപ്പലോ ഒരു തരം വെളുത്ത പാടയോ വരുന്നതും കാൻസറിന്റെ ലക്ഷണമാണ്.
അപകടകരമായ കാൻസർ ലക്ഷണങ്ങൾ
- ശരീരത്തിൽ കാണപ്പെടുന്ന മുഴകളും തടിപ്പുകളും.
- സ്ത്രീകളിൽ സ്തനങ്ങളിലെ മുഴകളുടെ കാര്യത്തിൽ ജാഗ്രത കാണിക്കണം. സ്തനങ്ങളിൽ കാണപ്പെടുന്ന അസ്വാഭാവികമായ എന്ത് മാറ്റവും നീരോ തടിപ്പോ മുഴയോ ശ്രവങ്ങളോ ആകൃതി മാറ്റമോ - എന്തായാലും ഉടനെ വൈദ്യപരിശോധന വിധേയമാകണം.
- ഉണങ്ങാത്ത വ്രണങ്ങൾ - പ്രത്യേകിച്ചും വായിൽ.
- വായിക്കുള്ളിൽ കാണപ്പെടുന്ന വെളുത്ത പാട.
- തുടർച്ചയായ ശബ്ദമടപ്പും ചുമയും. പുകവലിക്കാരിൽ ഈ ലക്ഷണങ്ങൾ കൂടുതൽ അപായകരമാണ്.
- ചുമയ്ക്കുമ്പോൾ രക്തം വരിക.
- വിട്ടുമാറാത്ത തലവേദന.
- വയറ്റിൽ വലതുഭാഗത്തിനു മുകളിലായി വേദന.
- ശരീരത്തിലെ മറുക്, കാക്കപ്പുള്ളി, അരിമ്പാറ. ഇവയുടെ വലുപ്പം, ആകൃതി, നിറം ഇവയിലുണ്ടാകുന്ന വ്യത്യാസങ്ങൾ.
- മലമൂത്ര വിസർജനത്തിനുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ. മാളത്തിലോ മൂത്രത്തിലോ രക്തം, പഴുപ്പ് ഇവയുടെ സാന്നിദ്ധ്യം, മലമൂത്രവിസർജ്ജന സമയത്തു അസാധാരണ വേദന.
- സ്ത്രീകളിൽ ശാരീരിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവം. മാസമുറ നിലച്ച സ്ത്രീകളിൽ പിന്നീടുണ്ടാകുന്ന രക്തസ്രാവം.
- മാസമുറ സമയത്തല്ലാതെ വരുന്ന അസാധാരണമായ രക്തസ്രാവം.
- സ്തനങ്ങളിൽ നിന്ന് അസാധാരണമായ സ്രവങ്ങളോ രക്തസ്രാവമോ വരുന്നത്.
- തൊണ്ടയിലോ കഴുത്തിലോ വരുന്ന വിട്ടുമാറാതെ നിൽക്കുന്ന വേദന.
- ആവർത്തിച്ചു വരുന്ന ദഹനക്കേട്. ഭക്ഷണം ഇറക്കുമ്പോഴുള്ള വേദന, വയറിനു അണുബാധയൊന്നും ഇല്ലാത്തപ്പോഴുള്ള വയറുവേദന, ആഹാരമിറക്കാൻ ബുദ്ധിമുട്ട്.
- വിട്ടുമാറാത്ത ക്ഷീണം, ശരീരഭാരം അസാധാരണമായി കുറയുക. ശരിയായ പോഷകാഹാരം കഴിച്ചിട്ടും വിട്ടുമാറാത്ത വിളർച്ചയും രക്തക്കുറവും.
ഇവയൊന്നും തന്നെ കാൻസറിന്റെ ലക്ഷണങ്ങളാവണം എന്ന് നിർബന്ധമില്ല. എന്നാൽ ഡോക്ടറെ കണ്ടു ചികിത്സ നേടിയിട്ട് രണ്ടാഴ്ചക്കു ശേഷവും ഈ ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ തുടർന്ന് വിദഗ്ധ പരിശോധന ആവശ്യമാണ്.
കാൻസറിനെതിരെ ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന കാൻസറുകളിൽ പ്രധാനം വായിലെ കാൻസറാണ്. ഇതിനു കാരണം പുകവലി, മദ്യപാനം, തബാക്ക് എന്നിവയാണ്. ഇത് മൂന്നും ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു ഓറൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പാൻപരാഗ് പോലുള്ള ലഹരി വസ്തുക്കളിൽ ഗ്ലാസ് തരികൾ പൊടിച്ചു ചേർക്കപ്പെട്ടിട്ടുണ്ട്. ഇത് വായിലെ ചെറിയ രക്തനാളികളിൽ മുറിവുണ്ടാക്കുകയും അതിലൂടെ പെട്ടെന്നു രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. വളരെയേറെ അപകടകരമാണിത്.
വേണ്ടത്ര പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുന്നത് ആമാശയ കാൻസറിനുള്ള സാധ്യത കൂട്ടിയേക്കാമെന്നു ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഡി.ഡി.ടി തുടങ്ങിയ കീടനാശിനികൾ പ്രാണികളെ കൊല്ലാനും മറ്റും വീടുകളിൽ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്.
കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന എൻഡോസൾഫാനും മറ്റു കീടനാശിനികളും കാൻസർ രോഗകാരികൾ ആണ്. പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുമ്പോൾ എപ്പോഴും ഏറ്റവും നന്നായി കഴുകിയെടുക്കുക.
കാൻസർ പ്രധിരോധത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
- ചില ഭക്ഷണവസ്തുക്കൾ കാർസിയോജനിക് (കാൻസർ സാധ്യത വർധിപ്പിക്കുന്നവ) ആണ്. ഇവയുടെ ഉപയോഗം കാൻസറിലേക്കു നയിക്കും.
- മൃഗക്കൊഴുപ്പിന്റെ അമിതമായ ഉപയോഗം കാൻസറിന് വഴിതെളിക്കുമെന്നു പഠനങ്ങൾ. ഇറച്ചികളിൽ തൊലി കളഞ്ഞ ചിക്കനാണ് സുരക്ഷിതം, റെഡ്‌മീറ്റ് (ബീഫ്, മട്ടൺ, പോർക്ക്) കഴിയുന്നത്ര കുറക്കുക.
- മാംസാഹാരം കൂടുതലായി കഴിക്കുന്നവരിൽ ആമാശയ കാൻസർ സാധ്യത കൂടുന്നു. ദിവസം 80 ഗ്രാമിലേറെ മാംസം കഴിക്കരുതെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
- അമിത എരിവും അമിത ഉപ്പും കലർന്ന ആഹാരം ഒഴിവാക്കുക.
- അച്ചാറുകളുടെ ഉപയോഗം പാടെ ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.
- കരിഞ്ഞ ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത്.
- ഫംഗസ്, പൂപ്പൽ ഇവ കലർന്ന ഭക്ഷണം ഒരിക്കലും കഴിക്കാൻ പാടില്ല. പൂപ്പൽ കലർന്ന അച്ചാറും മറ്റും ഇളക്കിയെടുത്ത് ഉപയോഗിക്കുന്നത് വളരെ അപകടകരമാണ്.
- ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് കാൻസറിനെ ക്ഷണിച്ചുവരുത്തുന്ന അപകടമാണ്.
- കൊഴുപ്പ് കൂടിയ ഭക്ഷണവും അമിതമായ എണ്ണയുടെ ഉപയോഗവും ഒഴിവാക്കുക.
- സസ്യ എണ്ണ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
- കൃത്രിമ മസാലകളുടെ ഉപയോഗം കുറയ്ക്കുക.
- പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം ഫ്രീസറിൽ വച്ച് ഉപയോഗിക്കുന്നത് അപകടകരമാണെന്നാണ് പഠനങ്ങൾ. പ്ലാസ്റ്റിക്കിൽ നിന്ന് വെള്ളത്തിൽ കലര്ന്ന ഡയോക്‌സിൻ എന്ന രാസവസ്തു കാൻസറിന് കാരണമാകാമത്രേ.
- രുചി കൂട്ടാനായി ചേർക്കുന്ന കൃതൃിമ ഭക്ഷ്യ വസ്തുക്കൾ കലർന്ന ആഹാരം ഒരു കാരണവശാലും കഴിക്കാതിരിക്കുക. രുചി കൂട്ടാനായി ചേർക്കുന്ന രാസവസ്തുക്കൾ കാൻസറിന് കാരണമാകാം.
കാൻസറിനെതിരെ ജാഗ്രത പാലിക്കേണ്ട 6 ശീലങ്ങൾ
കാൻസറിനെതിരെയുള്ള ചെറുത്തു നിൽപ്പിന് ജീവിതത്തിൽ ചില കാര്യങ്ങൾ പാലിക്കണം.
- പുകവലി പാടെ ഒഴിവാക്കുക.
- പാൻപരാഗ്, തമ്പാക്ക് തുടങ്ങിയവയുടെ ഉപയോഗം ഒരിക്കലും പാടില്ല.
- മദ്യം വർജിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
- ശരീര ഭാരം അമിതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.
- പതിവായി വ്യായാമം ചെയ്യുക.
- അമിതമായി വെയിലേൽക്കുന്നതു അപകടകരമാണ്. ചൂടുകൂടിയ സമയത്തു വെയിലേൽക്കാതിരിക്കുക. ചുണ്ടുകളിൽ ലിപ് ബാം പുരട്ടുക. വെയിലേൽക്കുന്ന ശരീരഭാഗങ്ങളിൽ സൺസ്‌ക്രീൻ ലോഷൻ പുരട്ടുന്നത് പതിവാക്കണം. ഇത് ചർമ കാൻസറിനെതിരെ സംരക്ഷണം നൽകുന്നു.