കാൻസർ പരിശോധനകളും ചികിത്സാരീതികളും സാമ്പത്തീക ചിലവുകളും

കാൻസർ പരിശോധനകൾ സ്വയമായോ ഡോക്ടറെ കണ്ടോ നടത്തേണ്ടതായുണ്ട്. ഇവ കൃത്യമായി ചെയ്യുന്നത് കാൻസർ ബാധയെ മുൻകൂട്ടി നിർണയിക്കാൻ സാധിക്കും. മുൻകൂട്ടിയുള്ള രോഗനിർണയം ചികിത്സ കൂടുതൽ ഫലപ്രദമാക്കിയേക്കും. എല്ലാ ആളുകൾക്കും ഏറ്റവും ചെലവു കൂടിയ ചികിത്സ നൽകാനാവില്ല. അതു വേണം എന്നു കരുതുന്നതിൽ കാര്യവുമില്ല. കുറഞ്ഞ ചിലവിൽ ലഭ്യമാവുന്ന ഏറ്റവും നല്ല ചികിത്സ എല്ലാവർക്കും പ്രാപ്യമാക്കുകയാണ് വേണ്ടത്.

കാൻസർ പരിശോധനകൾ

സ്വയം പരിശോധന: സാധാരണ ഗതിയിൽ 40 വയസ്സു കഴിഞ്ഞ സ്ത്രീകളിളാണ് സ്തനാർബുദം കണ്ടുവരുന്നത്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ നിർദ്ദേശമനുസരിച്ച് 25 വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളിലും സ്വയം സ്തന പരിശോധന ചെയ്തിരിക്കണം. ആർത്തവ സമയത്തോ അതിനു തൊട്ടുമുൻപോ പരിശോധിക്കരുത്. ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനം കാരണം സ്തനങ്ങളിൽ വരുന്ന നീർക്കെട്ട് മുഴയായി തെറ്റിദ്ധരിക്കാം.

ആർത്തവ വിരാമം വന്ന സ്ത്രീകൾ മാസത്തിലൊരിക്കൽ ഏതെങ്കിലുമൊരുദിവസം സ്വയം സ്തന പരിശോധന ചെയ്‌താൽ മതി. അസ്വാഭാവിക ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ പരിശോധന വേണം.

ആശുപത്രിയിൽ പോയി നടത്തേണ്ടത്: 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാഫി പരിശോധന, സ്‌തനാർബുദം നേരത്തെ തിരിച്ചറിയാനുള്ള എക്സ്റേ പരിശോധന എന്നിവ ആശുപത്രിയിൽ പോയി നടത്തേണ്ടതാണ്.

ഗർഭാശയ ഗള കാൻസർ മുൻകൂട്ടി തിരിച്ചറിയാനുള്ള ടെസ്റ്റ് ആണ് പാപ്‌സ്മിയർ ടെസ്റ്റ്. 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ പാപ്‌സ്മിയർ ടെസ്റ്റ് നടത്തണം.

പുരുഷന്മാരിൽ കാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരവയവം പ്രോസ്റ്റേറ്റ് ഗ്രന്ഥി ആണ്. 50    വയസ്സാകുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഡിആർഇ ടെസ്റ്റ് ചെയ്യണം. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ടെസ്റ്റും ചെയ്യുന്നത് നല്ലതാണ്. പാരമ്പര്യമായി രോഗസാധ്യതയുള്ളവർ 45  വയസ്സിൽ തന്നെ ഈ പരിശോധനകൾ നടത്തുക.

50 വയസ്സിനു ശേഷം സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെയ്യേണ്ട ചില പരിശോധനകൾ ഉണ്ട്. ഇത് വൻകുടൽ, മലാശയം ഈ അവയവങ്ങളിലെ കാൻസർ സാധ്യത തിരിച്ചറിയാൻ സഹായിക്കുന്നു.

  1. ഓരോ വർഷവും ഫീക്കൽ ഒക്യുൾട്ട് ബ്ലഡ് ടെസ്റ്റ്.
  2. 5 വർഷത്തിലൊരിക്കൽ ഡബിൾ കോൺട്രാസ്റ്റ് ബേരിയം എനിമ.
  3. 10 വർഷം കൂടുമ്പോൾ കോളനോസ്‌കോപ്പി.

 

ഈ പരിശോധനകൾ നടത്തുന്നത് മുകളിൽ പറഞ്ഞ അവയവങ്ങളിലെ കാൻസർ തിരിച്ചറിയാൻ സഹായിക്കുന്നു. പാരമ്പര്യമായി രോഗസാധ്യത ഉള്ളവർ ഈ പരിശോധനകൾ നടത്തേണ്ടത് കൂടുതൽ ആവശ്യമാണ്.

കാൻസറിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ ആണ് മുകളിൽപ്രതിപാദിച്ചത്. മുൻകരുതലുകൾ കാൻസർ സാധ്യതയെ കുറക്കുന്നു. ഈ മുൻകരുതലുകൾ ജീവിത ശൈലിയുടെ ഭാഗമാക്കുക. ലക്ഷണങ്ങളെ കുറിച്ചുള്ള ജാഗ്രത നേരത്തെയുള്ള രോഗനിർണയത്തിന് സഹായിക്കും. മുൻകരുതലുകളും നേരത്തെയുള്ള രോഗനിർണയവും കാൻസറിനെതിരെയുള്ള പോരാട്ടത്തെ കുറച്ചെങ്കിലും എളുപ്പമാക്കും.

കാൻസർ ചികിത്സാരീതികൾ

എല്ലാത്തരം ചികിത്സകളും ഒരുമിച്ചു വേണ്ടിവരുമോ? കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ ആവശ്യാനുസരണം കൂട്ടിച്ചേർത്താണ് കാൻസർ ചികിത്സകൾ നടത്തുന്നത്. ഏതു ചികിത്സയാണ്‌ ആദ്യം വേണ്ടത് എന്നും അതുകൊണ്ട് മാറാത്ത പ്രശ്‌നങ്ങൾക്കായി ഇനിയെന്തു ചികിത്സയാണു വേണ്ടത് എന്നുമൊക്കെ ഡോക്ടർമാരുമായി ചർച്ച ചെയ്‌ത്‌ തീരുമാനിക്കണം.

കാൻസറും സാമ്പത്തീക ചിലവുകളും

കാൻസർ ചികിത്സയുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണല്ലോ? മറ്റു പല രോഗങ്ങളെയും അപേക്ഷിച്ചു കാൻസർ ചികിത്സക്കു ചെലവു കൂടുതലാണ്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെയും ചികിത്സാസ്ഥാപനങ്ങളുടെയും മനോഭാവം വളരെ പ്രധാനവുമാണ്. സർക്കാർതലത്തിൽ വേണ്ടത്ര ചികിത്സാ സൗകര്യമില്ലാത്തതുകൊണ്ട് സാധാരണക്കാരായ രോഗികൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലും സുസജ്ജമായ കാൻസർ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാകേണ്ടതാണ്. പലതരത്തിലുള്ള ഫണ്ട് ലഭ്യമാണെങ്കിലും അവ വേണ്ടവിധത്തിൽ ഏകോപിപ്പിക്കാനും സാധാരണക്കാർക്ക് ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയുന്നില്ല എന്നത് ദുഃഖകരം തന്നെ.

ക്യാൻസർ പ്രാഥമിക പരിശോധനകൾ

രോഗവുമായി എത്തുന്നവർക്ക് ക്യാൻസർ സാധ്യതയുണ്ടോ എന്ന പ്രാഥമിക പരിശോധന നടത്താനുള്ള പരിചയം പോലും പല ഡോക്ടർമാർക്കും ഇല്ലാത്തതു എന്തുകൊണ്ടാണ്? ഫിസിഷ്യന്മാർ, എം.ബി.ബി.എസ്‌ ഡോക്ടർമാർ, സർജൻമാർ, ഗൈനക്കോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ തുടങ്ങിയവർക്കൊക്കെ കാൻസർ നിർണ്ണയത്തിൽ കൂടുതൽ പരിശീലനം നൽകേണ്ടതാണ്. സർക്കാരിന് ചെറിയപരിശീലന പദ്ധതികളിലൂടെ തന്നെ സാധിക്കാവുന്ന പലകാര്യങ്ങളും ചെയ്യുന്നില്ല എന്നത് സങ്കടകരമാണ്. പരിശീലനം നേടിയ കൂടുതൽ ഡോക്ടർമാരും കൂടുതൽ ചികിത്സാകേന്ദ്രങ്ങളും വൈകാതെ തന്നെ ഉണ്ടാകുമെന്നു കരുതാം. കാൻസർ പ്രതിരോധത്തിന് സഹായിക്കുന്ന ജീവിതശൈലി സ്വീകരിച്ചു രോഗത്തെ ഒരളവോളം എങ്കിലും തടഞ്ഞു നിർത്താനുള്ള ശ്രമങ്ങൾ ആണ് പൊതുസമൂഹത്തിൽ ഉണ്ടാകേണ്ടത്. രോഗം നേരത്തെ കണ്ടെത്താനും രോഗികൾക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്താനും നമുക്ക് കഴിയണം.