കാൻസർ രോഗികളിൽ റേഡിയേഷൻ ചികിത്സ

ശക്തിയേറിയ ഊർജ്ജവികിരണങ്ങൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ കരിച്ച് കളയുന്ന ചികിത്സാരീതിയാണ് റേഡിയേഷൻ തെറാപ്പി. കാൻസർ രോഗികളിൽ പകുതിയോളം പേർക്കും ഇത് വേണ്ടിവരാറുണ്ട്. ശ്വാസകോശ കാൻസർ, തൊണ്ടയിലും വായിലും ഉണ്ടാകുന്ന കാൻസർ, ഗർഭാശയഗള കാൻസർ, മസ്തിഷ്കത്തിലെ ക്യാന്സറുകൾ എന്നിവയിലൊക്കെ റേഡിയേഷൻ പ്രധാനമാണ്. കാൻസർ ബാധിച്ച കോശഭാഗങ്ങളിൽ വളരെ കൃത്യമായും സൂക്ഷ്‌മമായും റേഡിയേഷൻ നൽകുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. കാൻസർ മൂലമുള്ള മുഴകൾ ഇല്ലാതാക്കാനോ ചുരുക്കാനോ റേഡിയേഷൻ സഹായകമാണ്.

റേഡിയേഷൻ വേണ്ടത് എപ്പോഴൊക്കെയാണ്? അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?

കാൻസർ ഏതുതരത്തിലുള്ളതാണ്, ഏതുഭാഗത്താണ്, എത്ര തീവ്രമാണ് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കി അതനുസരിച്ചാവണം റേഡിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നത്. ശരീരത്തിൽ ഏതേതു ഭാഗങ്ങളിൽ ആണ് റേഡിയേഷൻ നൽകേണ്ടത് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടാണ് റേഡിയേഷൻ തുടങ്ങുന്നത്. ചികിത്സ തുടങ്ങും മുൻപ് വിശദമായ റേഡിയേഷൻ പ്ലാനിങ് നടത്താറുണ്ട്.

രോഗിക്ക് ആകെ എത്ര റേഡിയേഷൻ വേണം എന്ന് തീരുമാനിച്ച ശേഷം അതിനെ ചെറിയ യൂണിറ്റുകളായി തിരിച്ചാണ് ചികിത്സ നടത്താറുള്ളത്. ഏതാനും മിനിറ്റ് നേരം മാത്രമാണ് റേഡിയേഷൻ അടിപ്പിക്കുക. ആഴ്ചയിൽ അഞ്ചു ദിവസം വീതം 4-5 ആഴ്ച്ച വരെ റേഡിയേഷൻ നൽകാറുണ്ട്. കാൻസർ കോശങ്ങൾ മാത്രമാണ് റേഡിയേഷനിൽ നശിക്കുന്നത്. എന്നാൽ റേഡിയേഷൻ നടക്കുന്ന വേളയിൽ ആരോഗ്യമുള്ള കോശങ്ങൾക്കും ചെറിയ കേടുപാടുകൾ വന്നേക്കാം. റേഡിയേഷൻ നിർത്തുന്നതോടെ ഈ കേടുപാടുകൾ മാറി നല്ല കോശങ്ങൾ ആരോഗ്യം വീണ്ടെടുക്കും.

കീമോതെറാപ്പി ചെയ്യുമ്പോഴെന്ന പോലെ റേഡിയേഷൻ തെറാപ്പി വേളയിലും രോഗിക്ക് ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. ശരിയായ ശുശ്രൂഷകളും വേണ്ടത്ര വിശ്രമവും മാനസികോല്ലാസവും ഒക്കെ നൽകിയാൽ അസ്വസ്ഥതകൾ കുറയ്ക്കാനാവും.