കീമോതെറാപ്പി കാൻസർ ചികിത്സയിൽ

എന്താണ് കീമോതെറാപ്പി? കാൻസർ ചികിത്സയിൽ പ്രധാനമായും മൂന്നു രീതികളാണ് സ്വീകരിക്കാറുള്ളത്. കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ. ഇതിൽ മരുന്ന് കൊടുത്തുള്ള ചികിത്സയാണു കീമോതെറാപ്പി, ദ്രവരൂപത്തിലുള്ള മരുന്നുകൾ കുത്തിവയ്ക്കുകയും ഗുളികരൂപത്തിൽ മരുന്ന് നൽകുകയും ചെയ്യാറുണ്ട്. മരുന്ന് കയ്യിലെ ഞരമ്പിലേക്കു കുത്തിവയ്ക്കുന്ന രീതിയാണ് മിക്കപ്പോഴും സ്വീകരിക്കാറുള്ളത്.

കീമോതെറാപ്പിയുടെ ഉദ്ദേശങ്ങൾ

ഏതെങ്കിലും ഒരു മരുന്ന് മാത്രം ഉപയോഗിക്കുന്ന രീതിയാണ് മുൻപുണ്ടായിരുന്നത്. ഇപ്പോൾ ഒന്നിലധികം മരുന്നുകൾ കൂട്ടിച്ചേർത്തു ഉപയോഗിക്കുന്ന രീതിയാണ് കൂടുതൽ. ശരീരത്തിൽ പലഭാഗത്തേക്കും പടർന്നുപിടിച്ച ക്യാന്സറുകൾ ചികില്സിക്കുന്നതിനു കീമോതെറാപ്പി ആണ് ചെയ്യാറുള്ളത്. ഏതൊക്കെ മരുന്നുകൾ ഏതളവിൽ കൊടുക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ വിദഗ്‌ധ ചികിത്സകരാണ് തീരുമാനിക്കുക. രോഗം ഭേദമാക്കുകയോ ആശ്വാസകരമാം വിധം കുറയ്ക്കുകയോ ചെയ്യുക, കാൻസർ പടരുന്നത് തടയുക, കാൻസർ കോശങ്ങൾ അതിവേഗം വളരുന്നതിന് തടയിടുക തുടങ്ങിയവയാണ് കീമോതെറാപ്പിയുടെ ഉദ്ദേശങ്ങൾ.

നിശ്ചിത കോഴ്‌സുകൾ ആയാണ് കീമോതെറാപ്പി ചെയ്യാറുള്ളത്. ശക്തിയേറിയ മരുന്നുകൾ ആണ് കീമോതെറാപ്പിക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ചികിത്സാവേളയിൽ ചില രോഗികൾക്ക് ചെറിയ അസ്വസ്ഥതകൾ കാണാറുണ്ട്.