കാൻസറിനെ ഒരു പരിധി വരെ പ്രതിരോധിക്കാം

കാൻസറിനെ പ്രതിരോധിക്കാൻ ആവുമോ? ആരോഗ്യകരമായ ജീവിത ശൈലി പാലിക്കുകയാണെങ്കിൽ മൂന്നിലൊന്നോളം പേർക്ക് കാൻസറിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആവുമെന്നാണ് കരുതുന്നത്. നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന കാൻസറിൽ 35-40 ശതമാനത്തോളവും പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. മാംസത്തിന്റെയും മറ്റും അമിതോപയോഗം, ഫാസ്റ്റ് ഫുഡ്ഡുകൾ, പ്രോസെസ്സഡ് ഫുഡ്ഡുകൾ എന്നിവയും കാൻസറിന് കാരണമാകുന്നുണ്ട്.

കാൻസർ തടയാൻ കഴിയും

കേരളത്തിൽ ഓരോ വർഷവും 35,000 ത്തോളം പേർക്ക് പുതുതായി കാൻസർ കണ്ടെത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോൾതന്നെ കാൻസറിന്റെ തോത് വലുതാണ്. 2025 ആകുമ്പോഴേക്ക് ഇത് ഇരട്ടിയോളമാകുമെന്ന് കണക്കാക്കുന്നു. കാൻസർ പ്രതിരോധത്തെയും മുൻകൂട്ടിയുള്ള രോഗനിർണയത്തെയും നാം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. കാൻസർ ചികിത്സാരംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോൾ. അതുകൊണ്ട് തന്നെ നേരത്തെ കണ്ടെത്തിയാൽ പല കാൻസറുകളും ചികിൽസിച്ചുഭേദമാക്കാനാവും. പലപ്പോഴും രോഗം കണ്ടെത്തുന്നത് വളരെ വൈകി മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ചികിത്സ ദുഷ്കരമായിത്തീരുന്നതും.

കാൻസർ പ്രതിരോധം വ്യായാമത്തിലൂടെ

വ്യായാമം കാൻസർ പ്രതിരോധത്തെ എങ്ങനെയാണ് സഹായിക്കുന്നത്? ചിലയിനം കാൻസറുകളുടെ കാര്യത്തിൽ വ്യായാമം വളരെ പ്രധാനമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സ്തനാർബുദം, വൻകുടലിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവയുടെ കാര്യത്തിൽ. നിത്യവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കിയാൽ തന്നെ ഇത്തരം അസുഖങ്ങളെ ഒരളവോളം പ്രതിരോധിക്കാനാവും. പതിവായി വ്യായാമം ചെയ്യുന്നവരിൽ ചികിത്സ കൂടുതൽ നന്നായി ഫലിക്കുകയും ചെയ്യും.

കാൻസറും പ്രതിരോധ കുത്തിവയ്‌പ്പുകളും

കാൻസർ തടയാൻ പ്രതിരോധ കുത്തിവയ്‌പ്പുകൾ ഉണ്ടോ? കാൻസർ എന്നത് ഒരൊറ്റ രോഗമല്ല. ഏതാണ്ട് 200-250 തരം കാൻസറുകൾ ഉണ്ട്. ഇവയ്‌ക്കെല്ലാറ്റിനും കൂടി ഫലപ്രദമായ ഒരൊറ്റ വാക്‌സിൻ എന്ന് സങ്കൽപ്പിക്കുന്നതിൽ തന്നെ കാര്യമില്ല. എങ്കിലും കാൻസറിനെതിരായ വാക്‌സിനുകളെ കുറിച്ചും പ്രതിരോധ മരുന്നുകളെ കുറിച്ചുമുള്ള ഗവേഷണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്.

വൈറസ് ബാധ മൂലം ഉണ്ടാകുന്ന ചിലയിനം കാൻസറുകൾ ഉണ്ട്. ആ വൈറസുകളെ തടയാൻ കഴിയുന്ന പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്താൽ അതതു കാൻസറുകളെയും തടയാൻ ആകും. ഗർഭാശയഗള കാൻസറിനെ തടായാനുള്ള വാക്‌സിൻ ഇപ്പോൾ ഉപയോഗത്തിലുണ്ട്.

ഹെപറ്റൈറ്റിസുകളെ തടയാനുള്ള വാക്‌സിൻ ഉപയോഗിക്കുന്നത് കരളിലെ കാൻസർ തടയാൻ സഹായകമാണെന്നു കണ്ടിട്ടുണ്ട്. കാൻസറുകൾക്ക് എതിരായ വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. അധികം വൈകാതെ ചില കാൻസറുകളെയെങ്കിലും വാക്‌സിനെ കൊണ്ട് പ്രതിരോധിക്കാൻ ആവുമെന്ന് കരുതാം.

കാൻസർ തടയാൻ പ്രത്യേക മുൻകരുതലുകൾ

കാൻസർ തടയാൻ നമുക്ക് എടുക്കാവുന്ന പ്രത്യേക മുൻകരുതലുകൾ എന്തൊക്കെയാണ്? കഴിവതും സസ്യാഹാരത്തിനു പ്രാധാന്യം നൽകുക. സസ്യേതര ഭക്ഷണങ്ങളിൽ മീനിനു പ്രാധാന്യം കല്പിക്കാം.
മാട്ടിറച്ചിയും മറ്റും  പരമാവധി ഒഴിവാക്കുക. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങൾ, ചിപ്സുകൾ എന്നിവ വേണ്ടെന്നു വയ്ക്കുക.

കീടനാശിനികൾ ചേർത്ത പച്ചക്കറികളും പഴങ്ങളും രണ്ടു മണിക്കൂറോളം വെള്ളത്തിലിട്ടു നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കീടനാശിനികൾ ചേരാത്തവ കിട്ടുമെങ്കിൽ അത് മാത്രം ഉപയോഗിക്കുക.

പൂപ്പൽ പിടിച്ച ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകൾ പ്രത്യേകിച്ച് കാൻസറുണ്ടാക്കുന്നവയാണ്.

കൃത്രിമ നിറങ്ങൾ ചേർത്ത പലഹാരങ്ങൾ, സാക്കറിൻ പോലെ അതിമധുരം ചേർത്തയിനങ്ങൾ എന്നിവ ഒഴിവാക്കണം.

വീട്ടിലെ തറ, ശുചിമുറി, ഫർണിച്ചർ എന്നിവ വൃത്തിയാക്കാനുള്ള രാസവസ്തുക്കൾ  തികഞ്ഞ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക, കുട്ടികളെ അവയിൽനിന്ന് അകറ്റി നിർത്തുക.