ഭക്ഷണം ചിട്ടപ്പെടിത്തിയാൽ പിന്നെ കാൻസർ വരികയേ ഇല്ല എന്ന് പറയാനാവില്ല. എന്നാൽ പല വിദേശ രാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാൻസർ ഉണ്ടാവാൻ കാരണം തെറ്റായ ഭക്ഷണ ചിട്ടകൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ 10-12 ശതമാനം ആളുകളിലെങ്കിലും കാൻസറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകതകളാണ്.
കാൻസർ തടയാൻ ഭക്ഷണ ശീലങ്ങൾ ചിട്ടപ്പെടുത്തേണ്ട രീതി
കാൻസർ തടയാൻ ഭക്ഷണ ശീലങ്ങൾ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്? പച്ചക്കറികൾക്കും പഴങ്ങൾക്കും പ്രാധാന്യമുള്ള നാടൻ ഭക്ഷണശീലങ്ങൾ സ്വീകരിക്കുക എന്നതാണ് ഈ കാര്യത്തിൽ ഏറ്റവും പ്രധാനം. പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറക്കുക. ഹോർമോൺ കുത്തിവച്ചു വളർത്തുന്ന ബ്രോയിലർ ചിക്കനേക്കാൾ നല്ലതു നാടൻ കോഴിയുടെ ഇറച്ചിയാണ്. കോഴിയെ പാചകത്തിനൊരുക്കുമ്പോൾ തൊലി പൂർണമായും നീക്കം ചെയ്തു എന്ന് ഉറപ്പ് വരുത്തുക.
ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയിൽ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക. ചിപ്സുകൾ, വാറുത്ത പലഹാരങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരം ആണ്. വാങ്ങുന്ന വറവു പലഹാരങ്ങൾ എല്ലാം തന്നെ ഇങ്ങനെ വീണ്ടും ചൂടാക്കുന്ന എണ്ണയിൽ ഉണ്ടാക്കുന്നവയായിരിക്കും. ടിന്നിലടച്ച ഭക്ഷണങ്ങൾ, പാക്കറ്റിലാക്കി ലഭിക്കുന്ന ചിപ്സുകൾ, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു പലഹാരങ്ങൾ എന്നിവയൊക്കെ പലതരത്തിൽ കാൻസർ സാധ്യത കൂട്ടുന്നവയാണ്.
ഭക്ഷ്യവസ്തുക്കളിലെ മായം കാൻസറിന് കാരണമാകാം
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള കീടനാശിനികളും രാസവളങ്ങളും കാൻസറിന് കാരണമാകുമോ? വളങ്ങളിലും കീടനാശിനികളിലും അടങ്ങിയിട്ടുള്ള പല ഘടകങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നത് ശരിതന്നെ. എങ്കിലും അവ മാംസാഹാരങ്ങളെക്കാൾ വളരെ മികച്ചവ തന്നെയാണ്. മാട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. നിത്യവും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കിയാൽ പല പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും. പഴങ്ങളും പച്ചക്കറികളും രണ്ടു മണിക്കൂറോളം വെള്ളത്തിലിട്ടു നന്നായി കഴുകിയ ശേഷം ഉപയോഗിച്ചാൽ മതി. വീട്ടിൽ തന്നെ ചെറിയതോതിലാണെങ്കിലും പച്ചക്കറികളും മറ്റും വളർത്തുന്ന പഴയ ശീലം തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ കാൻസർ പ്രതിരോധത്തിൽ മാത്രമല്ല ആരോഗ്യജീവിതത്തിന്റെ കാര്യത്തിൽ ആകെത്തന്നെ വലിയ നേട്ടമായിരിക്കും അത്. കുട്ടികളുടെ ഭക്ഷണശീലത്തിലെങ്കിലും ആരോഗ്യകരമായ ചിട്ടകളുണ്ടാക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. മീൻ കറിവച്ചു കഴിക്കുന്നത് നല്ലതാണ്.
മാംസഭക്ഷണവും കാൻസറും
മാംസഭക്ഷണം കാൻസറിന് കാരണമാകുന്നത് എങ്ങനെയാണ്? ദിവസം രണ്ടുനേരത്തിലധികം മാംസഭക്ഷണം കഴിക്കുന്നത് നന്നല്ല. മാംസാഹാരം കഴിക്കുന്നവരുടെ കുടലിൽ കാണപ്പെടുന്ന ചില രാസഘടകങ്ങൾ ഡി.എൻ.എ യിൽ മാറ്റങ്ങളുണ്ടാക്കുകയും ഈ മാറ്റങ്ങൾ നമ്മുടെ കോശഘടനയെ തകരാറിലാക്കുകയും ചെയ്യും. കോശഘടനയിൽ മാറ്റങ്ങൾ വരികയും അവ അമിതമായി വിഭജിച്ചു പെരുകുകയും ചെയ്യുന്നത് കാൻസറിന് കാരണമാകാം.
ചുവന്ന മാംസമാണ് ഇത്തരത്തിൽ അപകടകരമായി തീരുന്നത്. ആടുമാടുകൾ, പോത്ത്, പന്നി തുടങ്ങിയവയുടെ മാംസം ഒഴിവാക്കിയാൽ ഇത്തരം അപകടങ്ങൾ വലിയൊരളവോളം ഒഴിവാക്കാൻ സാധിക്കും. കോഴിയുടെയും മറ്റും മാംസം വെളുത്ത മാംസം ആയിട്ടാണ് അറിയപ്പെടുന്നത്. അവ പാചകം ചെയ്യുമ്പോൾ തൊലി നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഒരു ദിവസം പുരുഷന്മാർ 60-80 ഗ്രാം മാംസത്തിലധികം ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണം. സ്ത്രീകൾ 40-50 ഗ്രാം മാംസത്തിൽ അധികം കഴിക്കരുത്. നിത്യവും മാംസം കഴിക്കുന്ന സാഹചര്യങ്ങളും അനാരോഗ്യകരമാണ്.
എൻഡോസൾഫാനും കാൻസറും
കീടനാശിനികളുടെയും മറ്റും അമിതോപയോഗം പലതരത്തിലുള്ള മാരകരോഗങ്ങളും ഉണ്ടാക്കിയേക്കാം. എന്നാൽ, മഴ നനഞ്ഞാൽ ജലദോഷം വരുന്നത് പോലെ പെട്ടന്നുതന്നെ ഉണ്ടാകുന്ന ഒന്നല്ല കാൻസർ, കോശങ്ങളുടെ ആന്തരഘടനയിൽത്തന്നെ വ്യതിയാനങ്ങളുണ്ടാകുന്നതാണ് പലപ്പോഴും കാൻസറിനു കാരണമാവുന്നത്. ഇപ്പോൾ എൻഡോസൾഫാൻ പോലുള്ള കീടനാശിനികളും രാസവളങ്ങളും മറ്റു രാസവസ്തുക്കളുമൊക്കെ ക്രമത്തിലധികം ഉപയോഗിക്കുന്നത് അടുത്തതലമുറയെ ആയിരിക്കും ബാധിക്കുക.