കേരള ഇൻഫ്രക്സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവയാണ് കിഫ്‌ബി ഉറപ്പുവരുത്തുന്നത്. ധനലഭ്യത, ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്താൻ വിപുലവും സുതാര്യവുമായ സംവിധാനമാണ് കിഫ്ബിക്കുള്ളത്. പദ്ധതികൾക്ക് പണം കണ്ടെത്തിക്കൊടുക്കുന്നു എന്നതിനപ്പുറം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കിഫ്ബിക്കു അതിന്റേതായ പങ്കുവഹിക്കാനുണ്ട്. ഒടുവിൽ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമ്പോഴേ കിഫ്ബിയുടെ ജോലി തീരുന്നുള്ളു.
കിഫ്‌ബി പദ്ധതികൾക്കായി പണം കണ്ടെത്തുന്നരീതി
കിഫ്‌ബി ആക്ടിൽ നിഷ്കർഷിക്കുന്ന തരത്തിൽ പല സ്രോതസ്സുകളിൽ നിന്ന് കിഫ്‌ബി പണം കണ്ടെത്തുന്നുണ്ട്. പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നിവയിലൂടെയുള്ള വരുമാനമാണ് ആദ്യത്തേത്. ആഭ്യന്തര വിപണിയിൽനിന്നുള്ള വായ്പയാണ് മറ്റൊന്ന്. വിദേശ വിപണിയിൽ നിന്നുള്ള വായ്പ, സർക്കാരിൽ നിന്നുള്ള കോർപസ് ഫണ്ട് എന്നിവയും പ്രയോജനപ്പെടുത്തുന്നു. കെഎസ്എഫ്ഇ ചിട്ടി, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവ വഴിയും കിഫ്ബിയിലേക്കു ഫണ്ട് എത്തുന്നു.
കിഫ്ബിയുടെ പ്രധാന വരുമാന സ്രോതസ്സ്
പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നീ ഇനങ്ങളിൽ നിന്നാണ് കിഫ്ബിക്കു പ്രധാനമായും വരുമാനം വരുന്നത്. ആഭ്യന്തരവിപണിയിൽനിന്നു ടേം ലോണുകൾ, നബാർഡ് വായ്പ എന്നിവയായി 4076.73 കോടി രൂപയ്ക്കു അനുമതി ലഭിക്കുകയും ഇതിൽ 2915 കോടി കിഫ്‌ബി കൈപ്പറ്റുകയും ചെയ്തു. മസാല ബോണ്ടിലൂടെ രാജ്യാന്തര വിപണിയിൽനിന്നു പണം കണ്ടെത്താൻ കഴിഞ്ഞ ഇന്ത്യയിലെ ആദ്യ സംസ്ഥാന ഏജൻസിയായി കിഫ്‌ബി മാറി. 2 തവണയായി 2498.42 കോടി രൂപ കോർപസ് ഫണ്ടായി സർക്കാരിൽ നിന്ന് കിഫ്ബിക്കു ലഭിച്ചു. കെഎസ്എഫ്ഇ പ്രവാസി ചിട്ടി, നോർക്ക, പ്രവാസി ഡിവിഡന്റ് സ്‌കീം എന്നിവയിലൂടെ 303.04 കോടി രൂപ സമാഹരിച്ചു. എല്ലാ സ്രോതസ്സുകളിൽനിന്നുമായി ഇതുവരെ ആകെ 15315.25 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇതുവരെ വിവിധ പദ്ധതികൾക്കായി 5957.96 കോടി രൂപ വിനിയോഗിച്ചു.
കിഫ്ബി ഒരു കടക്കെണി
തിരിച്ചടവിനുള്ള വരുമാനം ഉറപ്പുവരുത്തിയതിനു ശേഷം അതനുസരിച്ചു മാത്രമാണ് കിഫ്ബിവായ്പകൾ എടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാലത്തും കിഫ്ബിയോ സർക്കാരോ കടക്കെണിയിൽ വീഴില്ല എന്നുറപ്പാണ്.