കാൻസറും അതിജീവനവും

രോഗം ഒരു കുറ്റമല്ല, എല്ലാത്തിന്റെയും അവസാനവുമല്ല. സാന്ത്വനവും പരിചരണവും രോഗിയുടെ അവകാശമാണ്, സമൂഹത്തിന്റെ കടമയും. അവയുടെ നിഷേധം നീതിയുടെ നിഷേധമാണ്. ഏകാന്തതയിൽ ഉപേക്ഷിക്കപ്പെടുന്നവർക്ക് നാം നൽകുന്ന സ്നേഹവും കരുണയും അവരുടെ ജീവിതം മാത്രമല്ല നമ്മുടെ ജീവിതവും പ്രകാശപൂര്ണമാക്കുന്നു.

എന്താണ് കാൻസർ?

ഓരോ ജീവിയുടെയും ശരീരം നിർമിച്ചിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്. ഓരോ ശരീരത്തിലും ഉണ്ടാവും കോടിക്കണക്കിനു കോശങ്ങൾ. കോശം വിഭജിച്ചു മറ്റു കോശങ്ങൾ ഉണ്ടാവുന്നത് സ്വാഭാവിക പ്രക്രിയ ആൺ. എന്നാൽ ചിലപ്പോൾ ഈ കോശ വിഭജന പ്രക്രിയ നിയന്ത്രണാതീതമായി തീരും. ചില ഭാഗങ്ങളിലെ കോശങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ അതിവേഗം പെരുകി വളർന്ന് മുഴകൾ പോലെ ആയിത്തീരും. ഇങ്ങനെ ഉണ്ടാകുന്ന എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. ചിലയിനം മുഴകൾ നിരുപദ്രവകാരികളാണ്. ഒരു പരിധി കഴിഞ്ഞാൽ കോശങ്ങൾ പെരുകി വളരാതെ ചെറിയൊരു മുഴയായി അതവാസനിക്കും. അപകടകരമല്ലാത്ത (ബിനൈൻ) അത്തരം മുഴകൾ എളുപ്പം ചികിൽസിച്ചു ഭേദമാക്കാം. എന്നാൽ ചില മുഴകൾ അതിവേഗം വളരുകയും കോശങ്ങൾ മറ്റു ശരീരഭാഗങ്ങളിലേക്കു പടരുകയും ശരീരപ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. ഇത്തരം മുഴകളാണ് (മലിഗ്നന്റ്) കാൻസർ. ശരീരകോശങ്ങൾക്കു തന്നെ വ്യതിയാനം വന്നു അവ അപകടകരമായി പെരുകി വളരുന്നതാണ് കാൻസർ.

കാൻസർ തടയാം! അതിജീവിക്കാം!!

മനുഷ്യ ശരീരത്തെ ഏതാണ്ട് 250 ഓളം തരം കാൻസറുകൾ ബാധിക്കാമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ. കാൻസർ എന്നാൽ ശരീരകോശങ്ങളുടെ അസ്വാഭാവികവും അനിയന്ത്രിതവും ഉദ്ദേശരഹിതവുമായ  വളർച്ചയാണ്. ലോകത്തു പ്രതിവർഷം ഒരു കോടിയിലേറെ ആളുകൾ കാൻസർ മൂലം മരിക്കുന്നു. അടുത്ത ഭാവിയിൽ തന്നെ  ഏറ്റവും കൂടുതൽ ആളുകളുടെ ജീവഹാനിക്കു കാരണം കാൻസർ ആയിരിക്കുമെന്നാണ് പുതിയ പഠന റിപോർട്ടുകൾ.

ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം 25 ലക്ഷത്തിലേറെയാണ്. ഓരോ വർഷവും ഏകദേശം എട്ടുലക്ഷത്തിലേറെ പേർക്ക് പുതിയതായി കാൻസർ ബാധിക്കുന്നു. ഇങ്ങനെ പുതിയതായി കാൻസർ ബാധിക്കുന്നതിൽ മൂന്നിലൊരു ഭാഗം പേരിലും രോഗബാധ തടയാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പറയുന്നത്. ഇവിടെയാണ് കാൻസറിനെതിരെയുള്ള അറിവുകൾ ജീവിതത്തിൽ കർശനമായി പ്രാവർത്തികമാക്കേണ്ടതിന്റെ പ്രസക്തി.

പാരമ്പര്യ സാധ്യതയുള്ള രോഗം ആണ് കാൻസർ. എന്നാൽ ഒരു പാരമ്പര്യ സാധ്യത ഇല്ലാതെയും ആരെയും ഈ മാരക രോഗം ബാധിക്കാറുണ്ട്. അതിനാൽ കാൻസറിനെതിരെയുള്ള ചെറുത്തു നിൽപ്പ് എല്ലാവരും ജീവിതശീലമാക്കേണ്ടത്  പുതിയ കാലത്തെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണ്.

കാൻസർ എന്തുകൊണ്ട് ഉണ്ടാകുന്നു?

കാൻസർ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന്റെ യഥാർത്ഥമായ കാരണങ്ങളെ പറ്റി വൈദ്യശാസ്ത്രം ഇന്നേവരെ പൂർണമായും കണ്ടെത്തിയിട്ടില്ല. അതേ സമയം കാൻസറിനു സാധ്യത വർധിപ്പിക്കുന്നതും ഇതിലേക്കു നയിക്കുന്നതുമായ അനേകം കാരണങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗത്തെ മുൻകൂട്ടി തിരിച്ചറിയാനും ലക്ഷണങ്ങളെ പറ്റി മുന്നറിയിപ്പു നൽകാനും ഈ അറിവുകൾ ഉപകരിക്കുന്നു. നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യസമയത്തു ശരിയായ ചികിത്സയിലൂടെ പല കാൻസറുകളെയും കീഴടക്കാവുന്നതേയുള്ളു.