കാൻസർ അവബോധം

കാൻസർ പരിശോധനകളും ചികിത്സാരീതികളും സാമ്പത്തീക ചിലവുകളും

കാൻസർ പരിശോധനകൾ സ്വയമായോ ഡോക്ടറെ കണ്ടോ നടത്തേണ്ടതായുണ്ട്. ഇവ കൃത്യമായി ചെയ്യുന്നത് കാൻസർ ബാധയെ മുൻകൂട്ടി നിർണയിക്കാൻ സാധിക്കും. മുൻകൂട്ടിയുള്ള രോഗനിർണയം ചികിത്സ കൂടുതൽ ഫലപ്രദമാക്കിയേക്കും. എല്ലാ ആളുകൾക്കും ഏറ്റവും ചെലവു കൂടിയ ചികിത്സ നൽകാനാവില്ല. അതു വേണം എന്നു കരുതുന്നതിൽ കാര്യവുമില്ല. കുറഞ്ഞ ചിലവിൽ ലഭ്യമാവുന്ന ഏറ്റവും നല്ല ചികിത്സ എല്ലാവർക്കും പ്രാപ്യമാക്കുകയാണ് വേണ്ടത്.

കാൻസറും സർജറി ചികിത്സയും

അർബുദ ചികിത്സയിലെ ഒരു പ്രധാന ശാഖയാണ് ഓംകൊ സർജറി. കാൻസർ ബാധിച്ച ശരീര ഭാഗങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് മാറ്റുകയാണ് ഇതിലൂടെ ചെയുന്നത്. അതിനാൽ രോഗിക്ക് ചികിത്സയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.

കാൻസർ രോഗികളിൽ റേഡിയേഷൻ ചികിത്സ

ശക്തിയേറിയ ഊർജ്ജവികിരണങ്ങൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ കരിച്ച് കളയുന്ന ചികിത്സാരീതിയാണ് റേഡിയേഷൻ തെറാപ്പി. കാൻസർ രോഗികളിൽ പകുതിയോളം പേർക്കും ഇത് വേണ്ടിവരാറുണ്ട്. ശ്വാസകോശ കാൻസർ, തൊണ്ടയിലും വായിലും ഉണ്ടാകുന്ന കാൻസർ, ഗർഭാശയഗള കാൻസർ, മസ്തിഷ്കത്തിലെ ക്യാന്സറുകൾ എന്നിവയിലൊക്കെ റേഡിയേഷൻ പ്രധാനമാണ്. കാൻസർ ബാധിച്ച കോശഭാഗങ്ങളിൽ വളരെ കൃത്യമായും സൂക്ഷ്‌മമായും റേഡിയേഷൻ നൽകുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. കാൻസർ മൂലമുള്ള മുഴകൾ ഇല്ലാതാക്കാനോ ചുരുക്കാനോ റേഡിയേഷൻ സഹായകമാണ്.

കുട്ടികളിലെ കാൻസർ

14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാൻസർ കാണുന്നത് വിരളമല്ല. എന്തുകൊണ്ടാണ് കുട്ടികളിൽ ക്യാന്സറുകൾ ഉണ്ടാകുന്നത് എന്ന് കൃത്യമായി കണ്ടെത്താനും വിശദീകരിക്കാനും കഴിഞ്ഞിട്ടില്ല. എങ്കിലും ജീനുകളിലുണ്ടാകുന്ന ചില മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് മുഖ്യ കാരണങ്ങൾ എന്ന് കരുതുന്നു.

കാൻസർ ചികിത്സയ്ക്ക് വേണ്ടതായ സൗകര്യങ്ങൾ

കാൻസർ ചികിത്സയിൽ പ്രധാനമായും മൂന്നു ഘടകങ്ങൾ ആണ് വേണ്ടത്. ഔഷധചികിത്സ, സർജറി, റേഡിയേഷൻ എന്നിവയാണത്. ഇതിനൊപ്പം പീഡിയാട്രിക് ഓങ്കോളജിസ്റ്റിന്റെ സേവനം കൂടിയുണ്ടെങ്കിൽ ചികിത്സ സൗകര്യങ്ങൾ പൂർണ്ണമാവുകയുള്ളു.

കീമോതെറാപ്പി കാൻസർ ചികിത്സയിൽ

എന്താണ് കീമോതെറാപ്പി? കാൻസർ ചികിത്സയിൽ പ്രധാനമായും മൂന്നു രീതികളാണ് സ്വീകരിക്കാറുള്ളത്. കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ. ഇതിൽ മരുന്ന് കൊടുത്തുള്ള ചികിത്സയാണു കീമോതെറാപ്പി, ദ്രവരൂപത്തിലുള്ള മരുന്നുകൾ കുത്തിവയ്ക്കുകയും ഗുളികരൂപത്തിൽ മരുന്ന് നൽകുകയും ചെയ്യാറുണ്ട്. മരുന്ന് കയ്യിലെ ഞരമ്പിലേക്കു കുത്തിവയ്ക്കുന്ന രീതിയാണ് മിക്കപ്പോഴും സ്വീകരിക്കാറുള്ളത്.

കാൻസർ മുൻകൂട്ടി കണ്ടെത്താൻ മാർഗങ്ങൾ

കാൻസർ മുൻകൂട്ടി കണ്ടെത്താൻ കഴിയുമോ? കാൻസർ മുൻകൂട്ടി കണ്ടെത്താൻ നിരവധി മാർഗങ്ങൾ ഇപ്പോഴുണ്ട്. എല്ലാത്തരം ക്യാന്സറും നേരത്തെ കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. പ്രമേഹപരിശോധന പോലെ ലളിതമായ ഒരു പരിശാധന കൊണ്ട് കാൻസർ കണ്ടെത്താൻ തത്കാലം മാർഗ്ഗമൊന്നുമില്ല. സ്ത്രീകളിൽ കൂടുതലായി കാണുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ തുടങ്ങിയവ ലളിതമായ പരിശോധനകളിലൂടെ കണ്ടെത്താനാവും. 40 വയസുകഴിഞ്ഞ എല്ലാ സ്ത്രീകളും വർഷത്തിലൊരിക്കലെങ്കിലും കാൻസർ പരിശോധനകൾ നടത്തണം.

കാൻസറിനെ ഒരു പരിധി വരെ പ്രതിരോധിക്കാം

കാൻസറിനെ പ്രതിരോധിക്കാൻ ആവുമോ? ആരോഗ്യകരമായ ജീവിത ശൈലി പാലിക്കുകയാണെങ്കിൽ മൂന്നിലൊന്നോളം പേർക്ക് കാൻസറിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആവുമെന്നാണ് കരുതുന്നത്. നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന കാൻസറിൽ 35-40 ശതമാനത്തോളവും പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. മാംസത്തിന്റെയും മറ്റും അമിതോപയോഗം, ഫാസ്റ്റ് ഫുഡ്ഡുകൾ, പ്രോസെസ്സഡ് ഫുഡ്ഡുകൾ എന്നിവയും കാൻസറിന് കാരണമാകുന്നുണ്ട്.

കാൻസറും ഭക്ഷണ ശീലങ്ങളും

ഭക്ഷണം ചിട്ടപ്പെടിത്തിയാൽ പിന്നെ കാൻസർ വരികയേ ഇല്ല എന്ന് പറയാനാവില്ല.  എന്നാൽ പല വിദേശ രാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാൻസർ ഉണ്ടാവാൻ കാരണം തെറ്റായ ഭക്ഷണ ചിട്ടകൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ 10-12 ശതമാനം ആളുകളിലെങ്കിലും  കാൻസറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകതകളാണ്.

കാൻസർ കേരളത്തിൽ

കേരളത്തിൽ ഇപ്പൊൾ കാൻസർ കൂടി വരുന്നുണ്ടോ? കൂടുന്നുണ്ടെങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വർധിക്കുന്നില്ല. തീർച്ചയായും കാൻസർ രോഗികളുടെ എണ്ണം കൂടുന്നുണ്ട്. അതിനു പല കാരണങ്ങളും ഉണ്ട്.